നിങ്ങളുടെ വിവരങ്ങൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം?

ഡാറ്റ, ഡാറ്റ സ്വകാര്യത എന്നിവ എന്താണ്?

"ഡാറ്റ" എന്നത് നിങ്ങളുടെ പേര്, ജനനത്തീയതി, നിങ്ങൾ താമസിക്കുന്ന സ്ഥലം, ഫോൺ നമ്പർ, അല്ലെങ്കിൽ നിങ്ങളുടെ ടെസ്റ്റ് സ്‌കോറുകൾ എന്നിങ്ങനെയുള്ള ഏത് വിവരവും ആകാം. ഈ വിവരങ്ങളുടെ ഉടമ നിങ്ങൾ മാത്രമാണ്. ഉചിതമല്ലാത്ത ആളുകൾ കാണാതെയും ഉപയോഗിക്കാതെയും ഈ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനെയാണ് "ഡാറ്റ സ്വകാര്യത" എന്ന് നമ്മൾ വിളിക്കുന്നത്.

ഉദാഹരണം: നിങ്ങളുടെ മാർക്കുകൾ, നിങ്ങളുടെ പ്രിയപ്പെട്ട വിഷയം, നിങ്ങളുടെ സ്‌കൂൾ ഉച്ചഭക്ഷണ മുൻഗണനകൾ എന്നിവയുടെ റെക്കോർഡ് നിങ്ങളുടെ സ്‌കൂൾ സൂക്ഷിക്കുന്നതായി സങ്കൽപ്പിക്കുക. നിങ്ങളെക്കുറിച്ചുള്ള ഈ വിവരങ്ങളെല്ലാം നിങ്ങളുടെ "ഡാറ്റ" ആണ്. നിങ്ങൾക്കും നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കൾക്കും  അധ്യാപകർക്ക് മാത്രം തുറക്കാൻ പറ്റുന്ന ഒരു രഹസ്യ ലോക്കർ പോലെയാണ് ഡാറ്റ സ്വകാര്യത. നിങ്ങളുടെ ലോക്കർ അടച്ചിട്ടിരിക്കേണ്ടത് പ്രധാനമാണ്, അതിന്റെ ഉള്ളിലേർക്ക് ആർക്കും എത്തിനോക്കുന്നില്ലെന്നും നിങ്ങൾക്ക് പങ്കുവയ്ക്കാൻ താല്പര്യമില്ലാത്ത കാര്യങ്ങൾ ആരും അറിയുന്നില്ലെന്നും ഉറപ്പുവരുത്തണം

എന്താണ് ഡാറ്റ സംരക്ഷണം?

"ഡാറ്റ സംരക്ഷണം" എന്നത് നിങ്ങളുടെ എല്ലാ വിവരങ്ങളും സംരക്ഷിക്കാൻ ഒരു പ്രത്യേക കാവൽക്കാരൻ ഉള്ളത് പോലെയാണ്. നിങ്ങളുടെ വിവരങ്ങൾ നിങ്ങളുടെ പക്കലുണ്ടെന്നും അത് നഷ്‌ടപ്പെടുകയോ തെറ്റായ ആളുകളുമായി പങ്കുവെക്കപ്പെടുകയോ ചെയ്യുന്നില്ലെന്നും ഈ ഗാർഡ് ഉറപ്പാക്കുന്നു.

ആരാണ് "ഡാറ്റ പ്രിൻസിപ്പൽ"?

"ഡാറ്റ പ്രിൻസിപ്പൽ" വിവരങ്ങൾ നൽകുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് ഇതുവരെ 18 വയസ്സ് തികഞ്ഞിട്ടില്ലെങ്കിൽ, അതിൽ നിങ്ങളുടെ മാതാപിതാക്കളോ നിങ്ങളെ പരിപാലിക്കുന്ന ആളുകളോ ഇതിൽ ഉൾപ്പെടുന്നു.

എന്താണ് സമ്മതം/അനുമതി?

നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ ആരെങ്കിലും ചോദിച്ചാൽ അത് എന്തിനാണെന്ന് ആദ്യം മനസ്സിലാക്കുക. നിങ്ങൾ വിവരങ്ങൾ കൈമാറാൻ തയ്യാറാണെങ്കിൽ അതിനെയാണ് "സമ്മതം/ അനുമതി" എന്ന് പറയുന്നത്.  നിങ്ങൾ  പ്രായപൂർത്തിയാകാത്ത വ്യക്തിയാണെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളോ നിങ്ങളെ പരിപാലിക്കുന്ന മുതിർന്നവരോ നിങ്ങൾക്കായി സമ്മതം നൽകിയേക്കാം.

ഉദാഹരണം: നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ കളർ പെൻസിലുകൾ കടം വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ നിങ്ങളോട് സമ്മതം വാങ്ങേണ്ടതുണ്ട്.  അത് കൊടുക്കണോ വേണ്ടയോ എന്നുള്ളത് നിങ്ങളാണ് തീരുമാനിക്കേണ്ടത്. അതുപോലെ, ആരെങ്കിലും നിങ്ങളുടെ വിവരങ്ങൾ ചോദിക്കുമ്പോൾ, നിങ്ങളോ നിങ്ങളുടെ മാതാപിതാക്കളോ ആ വിവരങ്ങൾ പങ്കിടുന്നത് ശരിയാണോ എന്ന് തീരുമാനിക്കേണ്ടതുണ്ട്.

എന്താണ് വ്യക്തിഗത ഡാറ്റ?

നിങ്ങളുടെ പേര്, വിലാസം, ടെസ്റ്റ് സ്‌കോറുകൾ, ജനനത്തീയതി, ആധാർ നമ്പർ, അല്ലെങ്കിൽ നിങ്ങളുടെ ശരീരത്തെയോ പെരുമാറ്റത്തെയോ പറ്റിയുള്ള വിവരങ്ങൾ, നിങ്ങളുടെ വിരലടയാളം (“ബയോമെട്രിക്” ഡാറ്റ) എന്നിങ്ങനെയുള്ള ഏതൊരു വിവരവും വ്യക്തിഗത ഡാറ്റയാണ്.

എന്താണ് സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ?

നിങ്ങളെക്കുറിച്ചുള്ള വളരെ  പ്രധാനപ്പെട്ട വിവരങ്ങളാണ് സെൻസിറ്റീവ് വ്യക്തിഗത ഡാറ്റ. ഉദാഹരണം: നിങ്ങളുടെ ആരോഗ്യ രേഖകൾ, വിരലടയാളം. ഇവയെ സുരക്ഷിതമായി സൂക്ഷിക്കാൻ കൂടുതൽ ശക്തമായ സംരക്ഷണം ആവശ്യമാണ്.

ഒരു "ഡാറ്റ ചോര്ച്ചയുടെ" സമയത്ത് എന്താണ് സംഭവിക്കുന്നത്?

നിങ്ങളുടെ അനുമതിയില്ലാതെ ആർക്കെങ്കിലും നിങ്ങളുടെ രഹസ്യ വിവരങ്ങൾ കാണാൻ കഴിയുന്നതാണ് ഡാറ്റാ ചോര്ച്ച. ഇത് സംഭവിക്കുമ്പോൾ നിങ്ങളുടെ രക്ഷിതാക്കളെയോ അധ്യാപകരെയോ നിങ്ങൾ വിശ്വസിക്കുന്ന മുതിർന്നവരെയോ അറിയിക്കണം.

ഉദാഹരണം: ഡാറ്റാ ചോര്ച്ച ആരെങ്കിലും നിങ്ങളുടെ ബാഗ് രഹസ്യമായി തുറന്ന് അനുവാദമില്ലാതെ ഡയറി വായിക്കുന്നതുപോലെയാണ്. ഇത് സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ അധ്യാപകരോടോ രക്ഷിതാക്കളോടോ പറയേണ്ടത് പ്രധാനമാണ്. കാരണം അങ്ങനെയൊരു സാഹചര്യത്തിൽ നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അവർക്ക് കഴിയും.

എന്താണ് "എൻക്രിപ്ഷൻ"?

എൻക്രിപ്ഷൻ എന്നത് ഉചിതമായ ആളുകൾക്ക് മാത്രം കാണാൻ കഴിയുന്നവിധം നിങ്ങളുടെ ഡാറ്റ ഒരു രഹസ്യ കോഡ് കൊണ്ട് പൂട്ടി ഇടുന്നതുപോലെയാണ്.

ഉദാഹരണം: നിങ്ങളുടെ രഹസ്യ സന്ദേശങ്ങൾ നിങ്ങൾക്കും നിങ്ങളുടെ ഉറ്റ സുഹൃത്തിനും മാത്രം മനസ്സിലാകുന്ന ഒരു കോഡിൽ എഴുതുന്നത് പോലെ. ഇത് നിങ്ങളുടെ സന്ദേശങ്ങളെ അനുമതിയില്ലാതെ വായിക്കാൻ ശ്രമിക്കുന്ന ആരിൽ നിന്നും സംരക്ഷിക്കുന്നു.

"ഡാറ്റ മിനിമൈസേഷൻ" എന്നാൽ  എന്താണ്?

ഡാറ്റ മിനിമൈസേഷൻ എന്നാൽ ആവശ്യമുള്ള വിവരങ്ങൾ മാത്രം ശേഖരിക്കുന്ന ഒരു രീതിയാണ്.

ഉദാഹരണം: നിങ്ങൾ ഒരു സ്കൂൾ പ്രോജക്റ്റിനായി നിങ്ങളുടെ പ്രിയപ്പെട്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയാണെന്ന് സങ്കൽപ്പിക്കുക. ഡാറ്റ മിനിമൈസേഷൻ എന്നത് പ്രോജക്റ്റിന് ശരിക്കും വേണ്ട  കാര്യങ്ങൾ മാത്രം ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് പോലെയാണ്. ഇത് നിങ്ങളുടെ ലിസ്‌റ്റ് വ്യക്തമായും ലഖുവായും അവതരിപ്പിക്കും.

എന്താണ് "ഡാറ്റ ലോക്കലൈസേഷൻ"? അതിന്റെ പ്രാധാന്യം എന്താണ്?

ഡാറ്റ പ്രാദേശികവൽക്കരണം (ലോക്കലൈസേഷൻ) എന്നത് നിങ്ങളുടെ വിവരങ്ങൾ ഇന്ത്യയ്‌ക്കുള്ളിൽ മാത്രം കരുതിവയ്ക്കുന്നതിനെ സൂചിപ്പിക്കുന്നു, അതുവഴി സർക്കാരിന് അത് മികച്ച രീതിയിൽ പരിരക്ഷിക്കാൻ കഴിയും. ഇഷ്ടപ്പെട്ട സാധനങ്ങൾ തുറന്നിടുന്നതിനു പകരം വീട്ടിൽ ഭദ്രമായി സൂക്ഷിക്കുന്നതിന് സമ്മാനമാണിത്.

ഉദാഹരണം: നിങ്ങളുടെ പ്രിയപ്പെട്ട [ബോൾ] കളിസ്ഥലത്ത് ഉപേക്ഷിക്കുന്നതിന് പകരം നിങ്ങളുടെ ക്ലാസ് മുറിയിൽ സുരക്ഷിതമായി സൂക്ഷിക്കുന്നത് പോലെയാണ് ഡാറ്റ പ്രാദേശികവൽക്കരണം. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ അത് സഹായിക്കുന്നു.

എന്താണ് "ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ"?

നിങ്ങളുടെ വിവരങ്ങൾ ഓൺലൈനിൽ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സഹായിക്കുന്ന ഒരു വ്യവസ്ഥ  പോലെയാണിത്. നിങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഇതിൽ പ്രത്യേക നിയമങ്ങളുണ്ട്.